KERALA

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം: രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേർ കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെ അമീബിക് മസ്തിഷ്കജ്വരമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആരോഗ്യ തദ്ദേശ വകുപ്പുകൾ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വില്ലേജ് ഓഫീസർക്ക് ജാമ്യം
വിതുരയിൽ വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വില്ലേജ് ഓഫീസർ സി. പ്രമോദിനെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. അപകടം നടന്നതിനു ശേഷം ഒളിവിൽ പോയ പ്രമോദിന്റെ വാഹനം രണ്ടു ദിവസത്തിനു ശേഷം സ്റ്റേഷന് മുന്നിൽ നിന്നും കണ്ടെത്തിയിരുന്നു.

കൊട്ടാരക്കരയിൽ കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു-ധന്യ ദമ്പതികളുടെ മകൻ ദിലിനാണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണാണ് അപകടം സംഭവിച്ചത്.

സ്വർണവിലയിൽ മാറ്റമില്ല; ഒരു പവൻ 81,520 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 81,520 രൂപയാണ്. ഗ്രാമിന് 10,190 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 77,640 രൂപയായിരുന്നു, ഇത് ഈ മാസം ആദ്യമായിരുന്നു രേഖപ്പെടുത്തിയത്.

കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ ജയേഷും ഭാര്യ രശ്മിയും തങ്ങളുടെ വീട്ടിൽ പല തവണ വന്നിട്ടുണ്ടെന്ന് മർദനത്തിനിരയായ റാന്നി സ്വദേശിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തി. മകനും ജയേഷും തമ്മിൽ ജോലി സംബന്ധമായ സൗഹൃദമുണ്ടായിരുന്നുവെന്നും, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചതെന്നും അവർ ട്വന്റിഫോറിനോട് പറഞ്ഞു. അറസ്റ്റിലാകുന്നതുവരെ അപകടത്തിൽ പെട്ടുവെന്നാണ് മകൻ പറഞ്ഞിരുന്നത് എന്നും മാതാപിതാക്കൾ പറയുന്നു.

രാജ്യാന്തര ചലച്ചിത്രമേള: സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പിലേക്ക് സിനിമകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 17 വരെ നീട്ടി. 2024 സെപ്റ്റംബർ 1 മുതൽ 2025 ഓഗസ്റ്റ് 31 വരെ പൂർത്തിയാക്കിയ സിനിമകൾക്ക് മേളയിൽ എൻട്രി ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും www.iffk.in സന്ദർശിക്കുക.

അങ്കമാലിയിലെ സ്വകാര്യ ബസ് സമരം ഒത്തുതീർപ്പായി; ബസുകൾ ഇന്ന് മുതൽ സർവീസ് നടത്തും
അങ്കമാലിയിൽ സ്വകാര്യ ബസ് തൊഴിലാളികൾ വേതന വർധന ആവശ്യപ്പെട്ട് നടത്തിയ സമരം ഒത്തുതീർപ്പായി. ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. ഇന്ന് മുതൽ അങ്കമാലിയിൽ ബസുകൾ സർവീസ് പുനരാരംഭിക്കും.

നൈജീരിയൻ ലഹരി കേസ്: മലയാളി ലഹരി മാഫിയയുമായി നടത്തിയ ഫോൺ സംഭാഷണം കണ്ടെത്തി
നൈജീരിയൻ ലഹരി കേസിൽ നിർണ്ണായക നീക്കവുമായി പോലീസ്. ലഹരി മാഫിയയുമായി മലയാളി നടത്തിയ ഫോൺ സംഭാഷണം കണ്ടെത്തി. സിറാജിന്റെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ കോടതിയിൽ അപേക്ഷ നൽകും.

കൊച്ചിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി
കൊച്ചി ലിസി ആശുപത്രിയിൽ 13 വയസ്സുകാരിക്ക് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. മസ്തിഷ്ക മരണം സംഭവിച്ച 18 വയസ്സുകാരൻ ബിൽജിത്തിന്റെ ഹൃദയമാണ് പെൺകുട്ടിക്ക് വെച്ചുമാറ്റിയത്. ബിൽജിത്തിന്റെ മറ്റ് അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് ദാനം ചെയ്തു.

കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് പിടികൂടി
കാസർഗോഡ് ചെറുവത്തൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ജീപ്പ് മിനിറ്റുകൾക്കകം പൊലീസ് പിടികൂടി. ചെറുവത്തൂർ കണ്ണാടിപ്പാറ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് വെച്ച് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ബാലകൃഷ്ണനാണ് പരിക്കേറ്റത്.

100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണ്ണമുള്ള വീടുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ലാതെ വൈദ്യുതി കണക്ഷൻ
കേരളത്തിൽ 100 ചതുരശ്ര മീറ്ററിൽ താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് വൈദ്യുതി വകുപ്പ്. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണെന്ന് സാക്ഷ്യപ്പെടുത്തണം. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ, കെഎസ്ഇബി അധികാരിക്ക് വൈദ്യുത കണക്ഷൻ താൽക്കാലികമായോ സ്ഥിരമായോ വിച്ഛേദിക്കാവുന്നതാണ്.

വിജിൽ കൊലക്കേസിൽ വഴിത്തിരിവ്; മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലും അസ്ഥിഭാഗങ്ങളും കണ്ടെത്തി
കോഴിക്കോട് വിജിൽ കൊലക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരം പാർക്കിന് സമീപം നടത്തിയ തിരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ കണ്ടെത്തി. മൃതശരീരം കെട്ടി താഴ്ത്തിയ കല്ലും കണ്ടെത്തി. തലയോട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.