KERALA

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനിയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്
ഷാർജയിൽ കൊല്ലം സ്വദേശിനി വിപഞ്ചികയും മകളും മരിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കേസിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പും പുറത്ത് വന്നിട്ടുണ്ട്.

സർവകലാശാലകളിൽ ജനാധിപത്യപരമായ രീതികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണം: മന്ത്രി ആർ. ബിന്ദു
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ ജനാധിപത്യപരമായ രീതിയിൽ നടപടികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണമെന്ന് മന്ത്രി ആർ. ബിന്ദു ആവശ്യപ്പെട്ടു. സാങ്കേതിക സർവകലാശാല വി.സി നിയമനത്തിൽ നേരത്തെ നൽകിയ പാനൽ സർക്കാർ പുതുക്കും. കേരള സർവകലാശാലയിൽ മോഹനൻ കുന്നുമ്മൽ കാര്യമായി വരാറില്ലെന്നും അദ്ദേഹത്തിന് താൽക്കാലിക ചുമതല മാത്രമാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപ: സംസ്ഥാനത്ത് 609 പേർ സമ്പർക്കപ്പട്ടികയിൽ
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ 609 പേർ സമ്പർക്കപ്പട്ടികയിൽ. മലപ്പുറത്ത് 8 പേർ ഐസിയുവിൽ ചികിത്സയിലാണ്. പാലക്കാട് രണ്ടാമത് റിപ്പോർട്ട് ചെയ്ത കേസിൽ 112 പേർ സമ്പർക്കപ്പട്ടികയിലുണ്ട്.

ഭൂമി തരംമാറ്റം എളുപ്പമാക്കുന്നു; 25 സെന്റ് വരെയുള്ളതിന് സ്ഥലപരിശോധനയില്ലാതെ അനുമതി
സംസ്ഥാനത്ത് ഭൂമി തരംമാറ്റൽ നടപടികൾ എളുപ്പമാക്കുന്നു. 25 സെന്റ് വരെയുള്ള ഭൂമിയുടെ തരം മാറ്റത്തിനായിട്ടുള്ള അപേക്ഷകളിൽ, സ്ഥലം നേരിട്ട് പരിശോധിക്കാതെ തീരുമാനമെടുക്കാൻ അനുമതി നൽകുന്നതാണ് പുതിയ രീതി. അപേക്ഷകരുടെ അദാലത്ത് നടത്തി സത്യവാങ്മൂലം സ്വീകരിച്ച് തൽക്ഷണം അനുമതി നൽകാനും വ്യവസ്ഥയുണ്ട്. റവന്യൂ മന്ത്രി കെ രാജന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ മാർഗ്ഗരേഖ പുറത്തിറക്കുന്നത്.

രാജ്യത്ത് വോട്ടർ പട്ടിക ഉടൻ പുതുക്കും; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി
രാജ്യമെമ്പാടും വോട്ടർ പട്ടിക പുതുക്കാനുള്ള തീരുമാനവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കമ്മീഷൻ കത്ത് നൽകി. 2026 ജനുവരി ഒന്നിനെ റഫറൻസ് തീയതിയായി കണക്കാക്കിയാണ് പട്ടികകൾ പരിഷ്കരിക്കുന്നത്. എന്നാൽ, ഈ നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ: പാലക്കാട് മരിച്ച 88-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മരിച്ച 88-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരെ ഐസൊലേറ്റ് ചെയ്തു. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് 497 പേർ നിരീക്ഷണത്തിൽ; ജാഗ്രത തുടരുന്നു
സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടർന്ന് 497 പേർ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിൽ 203 പേരും, കോഴിക്കോട് 114 പേരും, പാലക്കാട് 178 പേരും, എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കേന്ദ്ര സംഘം മലപ്പുറത്തും പാലക്കാടും സന്ദർശനം നടത്തി.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരിക്ക്
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പ് തൂൺ തലയിൽ വീണ് രണ്ട് പേർക്ക് പരുക്കേറ്റു. പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്ക് വന്ന യാത്രക്കാരുടെ തലയിലേക്കാണ് ഇരുമ്പ് തൂൺ പതിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ്: എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2092 യൂണിറ്റുകളിൽ നിന്നായി 1.8 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വിവിധ സാങ്കേതിക മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും.

കീം റാങ്ക് ലിസ്റ്റ്: ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി; അപ്പീൽ തള്ളി
കീം പ്രവേശന പരീക്ഷാഫലം റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികളെ റാങ്ക് നിർണയ രീതി ബാധിക്കുമെന്ന ഹർജിയിലാണ് കോടതിയുടെ നടപടി. തുടർനടപടികൾ ആലോചിക്കുകയാണെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു.

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ; ആരോഗ്യരംഗത്ത് കേരളം മുൻപന്തിയിലെന്ന് വിലയിരുത്തൽ
സംസ്ഥാന സർക്കാരിനെ ഗവർണർ രാജേന്ദ്ര അർലേക്കർ പ്രശംസിച്ചു. 2023-24 വർഷത്തിൽ ആരോഗ്യ മേഖലയിൽ കേരളം നാലാം സ്ഥാനത്തെത്തിയത് മികച്ച നേട്ടമാണെന്ന് ഗവർണർ പറഞ്ഞു. സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്.