Kerala News

മില്ലുടമകളെ വിളിക്കാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; നെല്ല് സംഭരണ യോഗം മാറ്റിവെച്ചു
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാത്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചു. തുടർന്ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചു. മില്ലുടമകളില്ലാതെ എങ്ങനെ ഒരു തീരുമാനത്തിലെത്താനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. നാളെ വൈകിട്ട് 4 മണിക്ക് തിരുവനന്തപുരത്ത് വെച്ച് യോഗം വീണ്ടും ചേരും.

തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് ഇന്ന് നാടിന് സമർപ്പിക്കും
തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കാണിത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ചയിലധികമായി വിവിധ സാംസ്കാരിക പരിപാടികൾ നടന്നുവരികയാണ്.

ടി.പി. ചന്ദ്രശേഖരൻ കേസ്: പ്രതികൾക്കായി വീണ്ടും സർക്കാർ നീക്കം
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വീണ്ടും നീക്കം നടത്തുന്നു. പ്രതികളെ വിട്ടയച്ചാൽ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് കത്തയച്ചു. ഹൈക്കോടതിയുടെ വിധി നിലനിൽക്കെയാണ് ഈ നീക്കം.

കാസർഗോഡ് ചെമ്മനാട്, ഉദുമ: വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി
കാസർഗോഡ് ജില്ലയിലെ ചെമ്മനാട്, ഉദുമ എന്നിവിടങ്ങളിൽ വോട്ടർ പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന് പരാതി. ഉദുമ പഞ്ചായത്തിലെ ഒരു വീട്ടിൽ ഉടമസ്ഥൻ അറിയാതെ ഏഴ് പേരെ വോട്ടർ പട്ടികയിൽ ചേർത്തതായി ആരോപണമുണ്ട്. ചെമ്മനാട് പഞ്ചായത്തിൽ ചില രാഷ്ട്രീയ പാർട്ടികൾക്ക് താൽപ്പര്യമുള്ള വാർഡുകളിൽ കൂട്ടത്തോടെ ആളുകളെ ചേർക്കുന്നുവെന്നും പരാതിയുണ്ട്.

തൃശ്ശൂർ മുരിങ്ങൂരിൽ വീണ്ടും സർവ്വീസ് റോഡ് ഇടിഞ്ഞു; വീടുകളിൽ വെള്ളം കയറി
തൃശ്ശൂർ മുരിങ്ങൂരിൽ ദേശീയപാതയിലെ സർവ്വീസ് റോഡ് വീണ്ടും ഇടിഞ്ഞതിനെ തുടർന്ന് നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനു മുൻപും ഇതേ സംഭവം ആവർത്തിച്ചപ്പോൾ കളക്ടർ അടക്കമുള്ളവർ വേണ്ട നടപടികൾ എടുക്കാൻ പറഞ്ഞിട്ടും, യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

പി.എം. ശ്രീ: സി.പി.ഐ.യെ അനുനയിപ്പിക്കാൻ സി.പി.ഐ.എം. വീണ്ടും ചർച്ചയ്ക്ക്
പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐയുടെ അതൃപ്തി പരിഹരിക്കാൻ സി.പി.ഐ.എം വീണ്ടും ഇടപെടൽ നടത്തും. സി.പി.ഐ സംസ്ഥാന കൗൺസിൽ ചേരുന്നതിന് മുന്നോടിയായി ഇടതുമുന്നണി യോഗം വിളിക്കാൻ സാധ്യതയുണ്ട്. അനുകൂല സമീപനമുണ്ടായില്ലെങ്കിൽ മന്ത്രിമാരെ രാജിവെപ്പിച്ച് മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നതിലേക്ക് സി.പി.ഐ നീങ്ങിയേക്കും.

സ്കൂൾ കായികമേള സമാപനം: തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. സ്കൂൾ കായികമേളയുടെ സമാപനം പ്രമാണിച്ചാണ് അവധി നൽകുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും.

അർജന്റീനയുടെ സന്ദർശനത്തിൽ വ്യാജ പ്രചരണം; വിമർശനവുമായി മന്ത്രി വി. അബ്ദുറഹിമാൻ
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ ആരോപിച്ചു. നവംബർ 30-ന് ശേഷം സ്റ്റേഡിയത്തിൽ സ്പോൺസർക്ക് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന്റെ സന്ദർശനം തടസ്സപ്പെടുത്താൻ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ പ്രതിനിധി എ.എഫ്.എയ്ക്ക് നിരന്തരം വ്യാജ പരാതികൾ അയച്ചെന്നും മന്ത്രി ആരോപിച്ചു.

പി.എം. ശ്രീ പദ്ധതി: സംസ്ഥാനത്ത് യു.ഡി.എസ്.എഫ് പഠിപ്പ്മുടക്ക്
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യു.ഡി.എസ്.എഫ് ഒക്ടോബർ 29ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സി.പി.ഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും അനുനയം തള്ളിക്കൊണ്ടാണ് സി.പി.ഐയുടെ ഈ തീരുമാനം.

സിപിഐക്ക് വിമർശനവുമായി മുഖ്യമന്ത്രി; പദ്ധതികൾ മുടക്കുന്നവരുടെ കൂടെയല്ലെന്ന് പിണറായി വിജയൻ
സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്ന സർക്കാരാണിതെന്നും,അവ മുടക്കുന്നവരുടെ കൂടെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര-വയലാർ വാരാചരണ സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറിയെന്ന് ദൃശ്യങ്ങൾ
താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മുഖം മറച്ച് എത്തിയവർ കല്ലെറിയുന്ന ദൃശ്യങ്ങൾ പ്രതിഷേധത്തിൽ പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറിയെന്ന പോലീസ് വാദത്തിന് ശക്തി പകരുന്നു. 365 പേർക്കെതിരെ കേസ് എടുത്തതിൽ 10 പേർ അറസ്റ്റിലായി, മഞ്ചേരി സ്വദേശിയുടെ അറസ്റ്റിനെതിരെ സി.പി.ഐ.എം വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

കേരളത്തിലെ ദാരിദ്ര്യ നിർമ്മാർജ്ജനം കേന്ദ്ര പദ്ധതികളിലൂടെയെന്ന് രാജീവ് ചന്ദ്രശേഖർ
സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമ്മാർജ്ജനം സാധ്യമാക്കിയത് കേന്ദ്രസർക്കാർ പദ്ധതികളിലൂടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് മറ്റ് സംസ്ഥാനങ്ങൾ അതിവേഗം മുന്നേറുമ്പോൾ കേരളം കാര്യമായൊന്നും ചെയ്യാതെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ വരുത്തിയ കാലതാമസമാണ് കേരളത്തിൽ ദാരിദ്ര്യം ഇത്രയധികം വൈകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.