Kerala News

കൂരിയാട് തകർന്ന ദേശീയപാത രമേശ് ചെന്നിത്തല സന്ദർശിച്ചു; അദാനിക്കാണ് ലാഭമെന്ന് ആരോപണം
മലപ്പുറം കൂരിയാട് തകർന്ന ദേശീയപാത കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ദേശീയപാതയുടെ ശാസ്ത്രീയ പഠനം നടത്താത്തതാണ് ഇപ്പോളത്തെ സ്ഥിതിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി ചെയ്ത കരാറുകാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വഴിക്കടവിൽ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം: പ്രതിക്കെതിരെ വനം വകുപ്പ് കേസ് എടുത്തു
വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മരണത്തിൽ പ്രതി വിനീഷിനെതിരെ വനം വകുപ്പ് കേസെടുത്തു. മൃഗവേട്ട നടത്തിയതിനാണ് കേസ്. പഞ്ചായത്ത് ഓഫീസിലേക്കും കെഎസ്ഇബി ഓഫീസിലേക്കും പ്രതിഷേധ മാർച്ചുകൾ നടക്കും.

ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന: രാജ്ഭവന് അതൃപ്തി തുടരുന്നു
ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിൽ രാജ്ഭവന് അതൃപ്തി. സർക്കാർ സൃഷ്ടിച്ച വിവാദം സർക്കാർ തന്നെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. ഗവർണർക്കെതിരെ സി.പി.ഐ രാഷ്ട്രപതിക്ക് പരാതി നൽകിയത് വിവാദത്തിന് ആക്കം കൂട്ടി.

കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ല; തട്ടിക്കൊണ്ടുപോയതെന്ന് സംശയം
കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിനെ നാല് ദിവസമായി കാണാനില്ല. സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്നങ്ങളോ ഇല്ലാത്തതിനാൽ തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചു. നെയ്യാറ്റിൻകര പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു, പിന്നീട് കേസ് ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി.

കോതമംഗലത്ത് ചായക്കട ഉടമയെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതിക്കെതിരെ കേസ്
കോതമംഗലം മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. വാക്ക് തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രതീഷ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.

മലപ്പുറത്ത് വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു; കണ്ണൂരിൽ മൂന്ന് പേർ മുങ്ങി മരിച്ചു
മലപ്പുറം പെരിന്തൽമണ്ണയിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂരിൽ വിവിധയിടങ്ങളിലായി മൂന്ന് പേർ മുങ്ങി മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലമ്പൂരിൽ പന്നിക്കെണിയിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; അനുശോചനം അറിയിച്ച് പ്രിയങ്ക ഗാന്ധി
നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ വിയോഗത്തിൽ പ്രിയങ്ക ഗാന്ധി എം.പി അനുശോചനം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങൾ സുരക്ഷയിലും ജാഗ്രതയിലും അടിയന്തര ശ്രദ്ധയുണ്ടാകേണ്ടതിൻ്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാനു വിജയ്, യദു കൃഷ്ണൻ എന്നിവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും എംപി ആശംസിച്ചു.

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കും. യൂബർ പോലുള്ള വലിയ കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് സമരം. സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഷോക്കേറ്റ് ജീവൻ പൊലിയുന്നത് തുടർക്കഥയാവുന്നു; KSEB നിർദ്ദേശങ്ങൾ പാലിക്കാതെ വൈദ്യുതവേലികൾ വ്യാപകം
കേരളത്തിൽ വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനായി സ്ഥാപിച്ചിട്ടുള്ള അനധികൃത വൈദ്യുത വേലികളിൽ നിന്ന് ഷോക്കേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കെഎസ്ഇബി അനുമതിയില്ലാത്ത വൈദ്യുത വേലികൾ സ്ഥാപിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഇത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടമായത് പാലക്കാട് ജില്ലയിലാണ്.

കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതിയുമായി ജീവനക്കാർ; കൂടുതൽ ആരോപണങ്ങൾ പുറത്ത്
നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ജീവനക്കാർ. വസ്ത്രം പിടിച്ചുപറിച്ചെന്നും, പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അഹാന കൃഷ്ണ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ ക്യൂആർ കോഡ് മാറ്റി പണം തട്ടിയെന്നും ഏകദേശം 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നും അഹാന കൃഷ്ണ ആരോപിച്ചു. ഒത്തുതീർപ്പിന് ശേഷം ജീവനക്കാർ വ്യാജ പരാതി നൽകുകയായിരുന്നുവെന്നും നടി പറയുന്നു. ജീവനക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അഹാന അറിയിച്ചു.

ഷോക്കേറ്റ് മരിച്ച അനന്തുവിൻ്റെ മൃതദേഹം സ്കൂളിലെത്തിച്ചപ്പോൾ കണ്ണീരണിഞ്ഞ് അധ്യാപകരും സഹപാഠികളും
ഷോക്കേറ്റ് മരിച്ച വഴിക്കടവ് വെള്ളമുണ്ട സ്വദേശിയായ 15 വയസ്സുകാരൻ അനന്തുവിൻ്റെ മൃതദേഹം സ്കൂളിലെത്തിച്ചു. അധ്യാപകരും സഹപാഠികളും ഒരുപോലെ കണ്ണീരണിഞ്ഞ നിമിഷങ്ങളായിരുന്നു അത്. നല്ലൊരു പാട്ടുകാരൻ എന്നതിലുപരി മികച്ച ഒരു ഫുട്ബോളർ കൂടിയായിരുന്നു അനന്തു.