Kerala News

വിസി നിയമനം: മന്ത്രിമാർ ഇന്ന് വീണ്ടും ഗവർണറെ കാണും
സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാർ ഇന്ന് ഗവർണറെ കാണും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. സമവായത്തിലൂടെ സ്ഥിരം വി സി നിയമനം നടത്തണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം.

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്ന് ചാണ്ടി ഉമ്മന്
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം രാജ്യദ്രോഹക്കുറ്റം ചുമത്തിയ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ബജ്റംഗ്ദൾ പ്രവർത്തകരാണ് അവിടെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചതെന്നും അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാമ്യ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എം.കെ. സാനുവിന് ഇന്ന് വിടനൽകും; സംസ്കാരം വൈകിട്ട് കൊച്ചിയിൽ
പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ എം.കെ. സാനുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. മുഖ്യമന്ത്രി ടൗൺ ഹാളിൽ എത്തി അന്തിമോപചാരം അർപ്പിക്കും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ സ്ഫോടകവസ്തു കണ്ടെത്തി
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ സ്ഫോടകവസ്തു കണ്ടെത്തി. ഇൻഡോർ സ്റ്റേഡിയത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇത്. തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആശിർ നന്ദ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസ്
ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആശിർ നന്ദയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസ് എടുത്തത്. ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിരുന്ന 5 അധ്യാപകരെ സ്കൂളിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.

പ്രൊഫ. എം.കെ. സാനുവിന്റെ സംസ്കാരം നാളെ
പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എം.കെ. സാനു അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. നാളെ വൈകിട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തിൽ അദ്ദേഹത്തിന്റെ സംസ്കാരം നടക്കും.

ബിനോയ് വിശ്വം വിനയം കൊണ്ട് വളരാൻ ശ്രമിക്കരുത്; സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാർക്ക് വീഴ്ച പറ്റിയെന്നും, നിലപാടുകളാണ് പാർട്ടിയുടെ യശസ്സെന്ന് ഓർക്കണമെന്നും വിമർശനം ഉയർന്നു. റവന്യൂ, വിദ്യാഭ്യാസം, വ്യവസായം, ഗതാഗത മന്ത്രിമാരുടെ പ്രവർത്തനം മികച്ചതാണെന്നും വിലയിരുത്തലുണ്ടായി.

എം.കെ. സാനുവിന്റെ വിയോഗം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
പ്രൊഫ. എം.കെ. സാനുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. സാംസ്കാരിക രംഗത്തും പുരോഗമന പ്രസ്ഥാനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുല്യമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അസാധാരണമായ ജീവിതത്തെയും സംഭാവനകളെയും മുഖ്യമന്ത്രി ആദരവോടെ സ്മരിച്ചു.

കന്യാസ്ത്രീകളുടെ ജാമ്യം: സന്തോഷമെന്ന് കുമ്മനം രാജശേഖരൻ
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ എല്ലാ വിഭാഗം ജനങ്ങളും സന്തോഷിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. നീതി വാങ്ങി നൽകേണ്ടത് ബിജെപിയുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നേതാക്കളുടെ തീരുമാനത്തെ ദേശീയ നേതാക്കൾ എതിർത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാൻ അമ്മ കിണറ്റിലേക്ക് ചാടി; സംഭവം പാറശ്ശാലയിൽ
പാറശ്ശാലയിൽ കിണറ്റിൽ വീണ രണ്ടര വയസ്സുകാരിയെ അമ്മ രക്ഷിച്ചു. വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കിണറ്റിൽ വീണത്. കിണറിന് ആഴം കുറവായതിനാൽ വലിയ അപകടം ഒഴിവായി.

മഞ്ചേരിയിൽ ഡ്രൈവറെ മർദിച്ച സംഭവം: പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
മലപ്പുറം മഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബാങ്കിലേക്ക് പണം കൊണ്ടുപോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവർ ജാഫറിനാണ് മർദനമേറ്റത്.

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് താത്കാലിക ആശ്വാസം; കേസ് എഴുതി തള്ളണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്. കേസ് പൂർണ്ണമായും എഴുതി തള്ളണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾക്കെതിരെ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ യുവതികൾ പരാതി നൽകിയിട്ടുണ്ട്.