Kerala News

കരിമാൻതോട് അപകടം: മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്
പത്തനംതിട്ട കോന്നി കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ സംസ്കാരം ഇന്ന് നടക്കും. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ പൊതുദർശനത്തിന് ശേഷം സംസ്കാരം നടക്കും. മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദ്യ ലക്ഷ്മി, എൽകെജി വിദ്യാർത്ഥി യദു കൃഷ്ണൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

വി.കെ. നിഷാദിനായി DYFI പ്രചാരണം ശക്തമാക്കി
പയ്യന്നൂർ ബോംബ് ആക്രമണക്കേസിലെ പ്രതി വി കെ നിഷാദിന് വേണ്ടി ഡിവൈഎഫ്ഐ പ്രചാരണം ശക്തമാക്കി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സിറാജ്, പി പി അനീഷ് തുടങ്ങിയവർ പ്രചാരണത്തിന് നേതൃത്വം നൽകുന്നു. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ നിന്നാണ് നിഷാദ് ജനവിധി തേടുന്നത്.

അട്ടപ്പാടിയിൽ മുൻ ഏരിയാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്
പാലക്കാട് അട്ടപ്പാടി അഗളിയിൽ സി.പി.ഐ.എം മുൻ ഏരിയാ സെക്രട്ടറിക്ക് എതിരെ വധഭീഷണി മുഴക്കിയ ലോക്കൽ സെക്രട്ടറി ജംഷീറിനെതിരെ കേസെടുത്തു. അഗളി പഞ്ചായത്തിലെ 18-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി രാമകൃഷ്ണനെയാണ് ജംഷീർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി.

പാലക്കാട് കാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് പാമ്പുകടിയേറ്റു
പാലക്കാട് കാവശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പാമ്പുകടിയേറ്റു. കാവശേരി പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി അനില അജീഷിനാണ് കടിയേറ്റത്. നിലവിൽ ഇവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

കേരളത്തിലെ 518 പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിച്ചെന്ന് സർക്കാർ സുപ്രീം കോടതിയിൽ
കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിച്ചെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 518 പോലീസ് സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചതായും, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രണ്ട് സ്റ്റേഷനുകളിൽ കൂടി ആദ്യഘട്ടത്തിൽ സിസിടിവി സ്ഥാപിക്കാൻ ബാക്കിയുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്കെതിരെ സുപ്രീം കോടതി ഇന്നലെ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ ഈ നടപടി.

ബിഎൽഒമാരുടെ ജോലി സമ്മർദ്ദം; കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്
പാലക്കാട് സ്വദേശിയായ ബിഎൽഒയുടെ ശബ്ദ സന്ദേശം പുറത്ത് വന്നു. കണ്ണൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്തതുപോലെ താൻ ചെയ്യാതിരുന്നത് അതിശയമെന്ന് ഉദ്യോഗസ്ഥയുടെ സന്ദേശം. മാനസികമായി തകർന്നു, ലോ പെർഫോമൻസ് എന്ന് കാണിച്ച് വിലയിരുത്തലുകൾ നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു.

വെമ്പായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് കല്ലേറ്; പോത്തൻകോട് പൊലീസിൽ പരാതി
തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറുണ്ടായി. രണ്ടാഴ്ച മുൻപാണ് ഇദ്ദേഹം സി.പി.ഐ.എം വിട്ട് കോൺഗ്രസിൽ ചേർന്നത്. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; നവജാത ശിശു മരിച്ചു
പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന് പരാതി. മതിയായ ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചെന്നാണ് കുടുംബത്തിൻ്റെ ആരോപണം. പ്രസവത്തിൽ കുഞ്ഞിൻ്റെ ഇടത് കൈക്ക് പരിക്കേറ്റെന്നും മതിയായ സൗകര്യങ്ങളില്ലാതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഡിഎംഒ തലത്തിൽ അന്വേഷണം ആരംഭിച്ചു.

കേന്ദ്ര ലേബർ കോഡിന് കരട് ചട്ടമുണ്ടാക്കിയത് കേന്ദ്ര സമ്മർദ്ദം മൂലമെന്ന് മന്ത്രി വി. ശിവൻകുട്ടി
കേന്ദ്ര ലേബർ കോഡിന് കരട് ചട്ടം ഉണ്ടാക്കിയതിൽ വിശദീകരണവുമായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി രംഗത്ത് . കേന്ദ്ര സമ്മർദ്ദത്തെ തുടർന്നാണ് കരട് വിജ്ഞാപനം ഇറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. തുടർ നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളമശ്ശേരിയിൽ സി.പി.ഐ.എം വിമതരെ പുറത്താക്കി; തിരഞ്ഞെടുപ്പിൽ കടുത്ത നടപടിയുമായി പാർട്ടി
കളമശ്ശേരി നഗരസഭയിൽ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന വി.എൻ. ദിലീപ്, സിദ്ദിഖ് എന്നിവരെ സി.പി.ഐ.എം പുറത്താക്കി. ആദ്യഘട്ടം മുതൽ തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും വിമതർ മുന്നണികൾക്ക് ഭീഷണിയാണ്.

കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണം തുടരും: സുപ്രീംകോടതിയുടെ നിർദ്ദേശം
കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. കേരളം സമർപ്പിച്ച ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് സത്യാവാങ്മൂലം നൽകാൻ കോടതി നിർദ്ദേശിച്ചു. അടുത്ത മാസം രണ്ടിന് ഹർജികൾ വീണ്ടും പരിഗണിക്കും.
