Kerala News

നിലമ്പൂരിൽ ലീഗിൽ പൊട്ടിത്തെറി; വിമത സ്ഥാനാർത്ഥികളെ നിർത്താൻ ആലോചന
നിലമ്പൂരിൽ മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷമായി. അഞ്ച് ഡിവിഷനുകളിൽ വിമത സ്ഥാനാർത്ഥികളെ നിർത്താൻ ഒരു വിഭാഗം തീരുമാനിച്ചു. മുൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ലീഗ് പരിഗണിക്കുന്ന നാണികുട്ടി കൂമഞ്ചേരിയെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളിലും ലീഗ് പരാജയപ്പെട്ടിരുന്നു.

കോഴിക്കോട് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ; പിടികൂടിയത് 10 ലക്ഷം രൂപയുടെ കഞ്ചാവ്
കോഴിക്കോട് വിപണിയിൽ വൻ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പേരാമ്പ്ര പൊലീസ് പിടികൂടി. കൊയിലാണ്ടി നടേരി സ്വദേശി അമാൻ അബ്ദുള്ള (23) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമും പേരാമ്പ്ര പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ലഹരി വിരുദ്ധ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു.

എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ
എറണാകുളം എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിലായി. കുട്ടി അമ്മയോടൊപ്പം കിടന്നതിലുള്ള വിരോധം മൂലം കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും നെഞ്ചിൽ നഖം കൊണ്ട് മുറി ഉണ്ടാക്കുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.

കെ. ജയകുമാർ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കും
മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേൽക്കും. മുൻ മന്ത്രി കെ. രാജു ദേവസ്വം ബോർഡ് അംഗമായി രാവിലെ 11:30-ന് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വർഷത്തേക്കാണ് പുതിയ ഭരണസമിതിയുടെ കാലാവധി.

മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിരിച്ചടി; വ്യാജ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചേർത്തതായി പരാതി
മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെതിരെ കള്ളവോട്ട് ആരോപണം. വൈഷ്ണ നൽകിയ മേൽവിലാസത്തിലെ വീട്ടു നമ്പർ മറ്റൊരാളുടേതാണെന്ന് കണ്ടെത്തി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൈഷ്ണ മുട്ടട വാർഡിൽ താമസിക്കുന്നില്ലെന്നും ബോധ്യപ്പെട്ടു.

വേങ്ങരയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയത്തിനിടെ കൂട്ടത്തല്ല്
വേങ്ങര പഞ്ചായത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ മുസ്ലിം ലീഗിൽ കൂട്ടത്തല്ല്. 20-ാം വാർഡായ കച്ചേരിപ്പടിയിലെ സ്ഥാനാർത്ഥിയെ ചൊല്ലിയായിരുന്നു തർക്കം. ഇതോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ യോഗം പിരിഞ്ഞു.

വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥന് തടവുകാരുടെ ക്രൂര മർദ്ദനം; കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി അക്രമികളിൽ ഒരാൾ
തൃശ്ശൂർ വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥന് തടവുകാരുടെ മർദ്ദനമേറ്റു. കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതി അസറുദ്ദീനും, മാവോയിസ്റ്റ് കേസ് പ്രതി മനോജുമാണ് അക്രമം നടത്തിയത്. ഉദ്യോഗസ്ഥനെയും, രക്ഷിക്കാൻ ശ്രമിച്ച തടവുകാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെഡിക്കൽ കോളേജിൽ ഡോക്ടർ ഒപ്പിട്ടു, ഒ.പി.യിൽ വെറുതെയിരുന്നു; പ്രതിഷേധം കനക്കുന്നു
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഒ.പി. ബഹിഷ്കരിച്ച ദിവസം ഒരു ഡോക്ടർ ഹാജർ രേഖപ്പെടുത്തിയിട്ടും ഒ.പി.യിൽ വെറുതെ ഇരുന്നത് വിവാദമായി. കൊല്ലം സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം ഉയർന്ന അതേ കാർഡിയോളജി വിഭാഗത്തിലെ ഡോക്ടറാണ് ഇത്തരത്തിൽ ഒ.പി.യിൽ വെറുതെയിരുന്നത്. ഈ വിഷയത്തിൽ കെജിഎംസിടിഎയും പ്രതിഷേധം അറിയിച്ചു.

ഉള്ളൂരിൽ അതിർത്തി തർക്കം; അയൽവാസിയുടെ മർദ്ദനത്തിൽ 62കാരി ICUവിൽ
തിരുവനന്തപുരം ഉള്ളൂരിൽ അയൽവാസിയുടെ ക്രൂര മർദ്ദനത്തിനിരയായി 62 വയസ്സുള്ള സ്ത്രീ മെഡിക്കൽ കോളേജിൽ ICU-ൽ ചികിത്സയിൽ. അതിർത്തി തർക്കത്തിന്റെ പേരിലാണ് അയൽവാസി സന്ദീപ് ഉഷയെ മർദ്ദിച്ചത്. മതില് കെട്ടിയപ്പോള് വഴിക്ക് വീതി കുറഞ്ഞുപോയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു.

വെട്ടുകാട് തിരുനാൾ: തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ ഉച്ചയ്ക്ക് ശേഷം അവധി
വെട്ടുകാട് തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ ചില പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് അവധി. കളക്ടർ അറിയിച്ചതാണ് ഈ വിവരം.

കുന്നംകുളം പൊലീസ് മർദ്ദനം; യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു
കുന്നംകുളം പൊലീസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്ക് ചൊവ്വന്നൂർ ഡിവിഷനിൽ നിന്നാണ് സുജിത്ത് ജനവിധി തേടുന്നത്. കേരളത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുള്ള ജനവിധി തേടിയാണ് താൻ മത്സരിക്കുന്നതെന്ന് സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
