Kerala Education

പട്ടാമ്പി സംസ്കൃത കോളേജിൽ കൊമേഴ്സ് പിഎച്ച്.ഡി പ്രവേശനം: അപേക്ഷ ക്ഷണിച്ചു
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലെ കൊമേഴ്സ് വിഭാഗത്തിൽ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 5 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. യു.ജി.സി / ജെ.ആർ.എഫ് യോഗ്യതയുള്ളവർക്കും, സർക്കാർ/എയ്ഡഡ് കോളേജുകളിലെ സ്ഥിരം അധ്യാപകർക്കും അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ ആവർത്തിച്ചു; പരീക്ഷ റദ്ദാക്കാൻ ആലോചന
കാലിക്കറ്റ് സർവകലാശാല പരീക്ഷ നടത്തിപ്പിൽ വീഴ്ച. സൈക്കോളജി ബിരുദ കോഴ്സിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ ആവർത്തിച്ചു. ഇതോടെ പരീക്ഷ റദ്ദാക്കുന്നതിനെക്കുറിച്ച് സർവകലാശാല ആലോചിക്കുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അലംഭാവം കാണിച്ച വിഷയ വിദഗ്ദ്ധനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന് സർവ്വകലാശാല അറിയിച്ചു.

കീം എൻട്രൻസ്: മുന്നൊരുക്കങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
കീം എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾക്കായി വിദഗ്ധ സമിതി രൂപീകരിച്ചു. പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

എലമ്പ്രയിൽ ഉടൻ സർക്കാർ സ്കൂൾ സ്ഥാപിക്കണം: സുപ്രീം കോടതി
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് സ്കൂളുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ സ്കൂളുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നിർദ്ദേശം. മഞ്ചേരിയിലെ എലാമ്പ്രയിൽ അടിയന്തരമായി ഒരു സർക്കാർ എൽപി സ്കൂൾ സ്ഥാപിക്കുവാനും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക വിധി.

എസ്ഐആർ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കില്ല; വിദ്യാഭ്യാസ മന്ത്രിയുടെ കർശന നിർദ്ദേശം
എസ്ഐആർ ജോലികൾക്കായി വിദ്യാർത്ഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ വ്യോമയാന പഠനം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ അവസരം
രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ വ്യോമയാന കോഴ്സുകൾക്ക് അവസരം. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്, സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് തുടങ്ങിയ കോഴ്സുകൾ ലഭ്യമാണ്. പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ പഠിക്കാം.

ബി.എസ്.സി നഴ്സിംഗ് സ്പെഷ്യൽ അലോട്ട്മെൻ്റ് നവംബർ 13-ന്
2025-26 അധ്യയന വർഷത്തിലെ ബി.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെൻ്റ് നവംബർ 13-ന് നടക്കും. LBS സെൻ്ററിൻ്റെ വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് ലഭ്യമാണ്. പുതിയ കോളേജ് ഓപ്ഷനുകൾ നവംബർ 13 ഉച്ചയ്ക്ക് 1 മണി വരെ സമർപ്പിക്കാം.

പി.എം.ശ്രീ പദ്ധതി മരവിപ്പിച്ചു; കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്രമന്ത്രിയെ അറിയിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കൂടാതെ എസ്.എസ്.കെ. ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചകൾ നടത്തി. വന്ദേഭാരത് ട്രെയിനിൽ ആർ.എസ്.എസ് ഗണഗീതം പാടിയ സംഭവത്തിൽ അടിയന്തരമായി ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തയച്ചതായും മന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 3 മണിക്ക് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച. എസ്എസ്കെ പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായം കൂടിക്കാഴ്ചയില് സംസ്ഥാനം ആവശ്യപ്പെടും.

വന്ദേ ഭാരതിൽ ഗണഗീതം പാടിയ സംഭവം: വിശദീകരണവുമായി സ്കൂൾ പ്രിൻസിപ്പൽ
വന്ദേ ഭാരത് ട്രെയിനിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ ഡിന്റോ കെ പി രംഗത്ത്. കുട്ടികൾ ട്രെയിനിൽ പാടിയത് ദേശഭക്തിഗാനമാണെന്നും റെയിൽവേയുടെ ഔദ്യോഗികമായ ആവശ്യപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.എസ്.സി നഴ്സിംഗ്: എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 11-ന്
2025-26 അധ്യയന വർഷത്തിലെ ബി.എസ്.സി നഴ്സിംഗ് കോഴ്സുകളിലേക്ക് എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള സ്പോട്ട് അലോട്ട്മെൻ്റ് നവംബർ 11-ന് നടക്കും. സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. എൽ.ബി.എസ് സെൻ്റർ ജില്ലാ ഫെസിലിറ്റേഷൻ സെൻ്ററുകളിൽ രാവിലെ 10 മണിക്കാണ് അലോട്ട്മെൻ്റ്.
