ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കാനൊരുങ്ങുന്ന സ്‌പേഡെക്‌സ് ദൗത്യത്തിന്റെ അവസാന ഘട്ടം വൈകും. ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം മൂന്ന് മീറ്ററിലെത്തിച്ച ശേഷം വീണ്ടും അകലം കൂട്ടി. സമാഹരിച്ച വിവരങ്ങൾ വിശദമായി വിലയിരുത്തിയ ശേഷം മാത്രമേ അടുത്ത ഘട്ടം നടപ്പിലാക്കൂ.
ഐഎസ്ആർഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമമാണ് ഇന്ന് അവസാന ഘട്ടത്തിലെത്തിയത്. ഇരുപത് കിലോമീറ്റർ വ്യത്യാസത്തിൽ ഭ്രമണപഥത്തിലെത്തിച്ച രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇന്ന് രാവിലെ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 15 മീറ്ററിൽ നിന്ന് മൂന്ന് മീറ്ററിലേക്ക് എത്തിച്ച ശേഷം വീണ്ടും അകലം കൂട്ടുകയായിരുന്നു.
സാങ്കേതിക കാരണങ്ങളാൽ ദൗത്യം നേരത്തെ രണ്ട് തവണ മാറ്റിവെക്കേണ്ടി വന്നിരുന്നു. വ്യാഴാഴ്ച രാവിലെ രണ്ട് ഉപഗ്രഹങ്ങളും വേഗത കുറച്ച് ഡോക്കിങ്ങിന് സജ്ജമാകുമെന്നായിരുന്നു ഐഎസ്ആർഒയുടെ പ്രതീക്ഷ. എന്നാൽ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാൽ പദ്ധതി മാറ്റിവെക്കേണ്ടി വന്നു. അറുപത്തിയാറ് ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
20 കിലോമീറ്ററിൽ നിന്ന് 500 മീറ്ററായി മാറിയ ചേസർ 250 മീറ്ററായി ചുരുക്കാൻ സാധിക്കാതെ വരികയും, ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായി ഉപഗ്രഹത്തിന് വ്യതിയാനം ഉണ്ടായതുമാണ് കഴിഞ്ഞ തവണ പ്രതിസന്ധി സൃഷ്ടിച്ചത്. ട്രയലുകൾ പൂർത്തിയാക്കിയെന്നും വിവരങ്ങൾ വിലയിരുത്തിയ ശേഷം അടുത്ത ഘട്ടം പൂർത്തിയാക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു. ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന സങ്കീർണ്ണമായ ദൗത്യമാണ് സ്‌പേഡെക്‌സ്.
Story Highlights: ISRO’s SpADex mission, aimed at docking satellites in space, faces delays in its final stage after trials.