ആമയിഴഞ്ചാൻ തോട് അപകടത്തിൽ സ്ഥലത്തെത്താതിരുന്നതിനെ കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എം.പി രംഗത്തെത്തി. അപകടം നടന്നപ്പോൾ തന്നെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നുവെന്നും, തന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെറുതെ വന്ന് ഷോ കാണിച്ചിട്ട് കാര്യമില്ലെന്നും, പരിഹസിച്ചോളാനും തരൂർ പറഞ്ഞു.
സംഭവ സമയത്ത് താൻ വയനാട്ടിലായിരുന്നുവെന്നും, ഒരു എം.പിയുടെ ഉത്തരവാദിത്തം അല്ല ഇതെന്നും തരൂർ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം ഉണ്ടായപ്പോൾ ഫേസ്ബുക്ക് പോസ്റ്റിട്ടത് കൂടാതെ വേറെന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. സ്ഥലത്ത് എം.പിയുടെ സാന്നിധ്യത്തെ കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോടായിരുന്നു തരൂരിന്റെ ഈ പ്രതികരണം.
കർണാടകയിലെ പ്രാദേശികവാദത്തെക്കുറിച്ചും തരൂർ അഭിപ്രായം പറഞ്ഞു. അവർ എന്തിനാണ് അങ്ങനെ ചിന്തിച്ചതെന്ന് അറിയില്ലെന്നും, ബുദ്ധിയില്ലാത്ത കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവർ അത് പിൻവലിക്കാൻ തീരുമാനിച്ചത് നല്ല തീരുമാനമാണെന്നും, ഇത് ആരുടെ ബുദ്ധിയാണെന്ന് അറിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.