ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ തീർത്ഥാടകരുടെ തിരക്ക് ക്രമാതീതമായി വർധിച്ചുവരികയാണ്. ഇന്നലെ മാത്രം തൊണ്ണൂറായിരത്തോളം ഭക്തർ അയ്യപ്പ ദർശനം നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മകരവിളക്ക് ദർശനത്തിനായി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാർ സന്നിധാനത്ത് വിരി വെച്ച് താമസമാരംഭിച്ചിട്ടുണ്ട്. മകരജ്യോതി ദർശനത്തിനു ശേഷം പമ്പയിൽനിന്നു തീർത്ഥാടകർക്കു മടങ്ങാൻ കെഎസ്ആർടിസി 800 ബസുകൾ സജ്ജമാക്കിയിരിക്കുന്നു.
മകരവിളക്ക് ദിനത്തിലെ തിരക്ക് കണക്കിലെടുത്ത് നിലയ്ക്കൽ നിന്നും ദീർഘദൂര സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച വരെ മുക്കുഴി കാനന പാത വഴി തീർത്ഥാടകരെ കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, സത്രം വഴിയുള്ള യാത്രക്ക് യാതൊരു തടസ്സവുമില്ല. തിരക്ക് നിയന്ത്രിക്കുന്നതിനായി വെർച്വൽ, സ്പോട്ട് ബുക്കിംഗുകളുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ജനുവരി 7 വരെ വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപ്പുകൾ പമ്പയിൽ എത്തിച്ചേർന്നതായും 14,156 ട്രിപ്പുകൾ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചുപോയതായും കണക്കുകൾ വ്യക്തമാക്കുന്നു.
പമ്പയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനായി കെഎസ്ആർടിസി 800 ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 450 ബസുകൾ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസുകൾ ദീർഘദൂര സർവീസിനുമായിരിക്കും ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിച്ചേരുന്ന ബസുകൾ പിന്നീട് പമ്പയിലേക്ക് തിരിക്കും. മകരജ്യോതി ദർശനത്തിനു ശേഷം 20ന് നട അടയ്ക്കുന്നത് വരെ തീർത്ഥാടകരുടെ വരവിനനുസരിച്ച് ചെയിൻ സർവീസുകൾ ലഭ്യമാകും. മകരജ്യോതി ദർശനത്തിനു ശേഷം അട്ടത്തോട്ടിൽ നിന്നു തീർത്ഥാടകരെ നിലയ്ക്കൽ എത്തിക്കാനും ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.
Story Highlights: Heavy rush of pilgrims at Sabarimala with only three days left for Makaravilakku festival.