മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. പദ്ധതിയുടെ ബി.ഒ.ടി കരാർ നീട്ടി നൽകാനുള്ള തീരുമാനത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സ്വകാര്യ കമ്പനിക്ക് കരാർ നീട്ടി നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ കർശനവും വേഗത്തിലുമുള്ള തീരുമാനമുണ്ടാകണമെന്ന് ചെന്നിത്തല കത്തിൽ വ്യക്തമാക്കി. അല്ലാത്ത പക്ഷം, ജനങ്ങളോടും വരാനിരിക്കുന്ന തലമുറയോടും സംസ്ഥാന സർക്കാർ കാണിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടും വഞ്ചനയുമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പദ്ധതിയുടെ ബി.ഒ.ടി കരാർ 25 വർഷത്തേക്കു കൂടി നീട്ടി നൽകാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് നടക്കുന്നതെന്നും ഇതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
യൂണിറ്റിന് വെറും അൻപത് പൈസ നിരക്കിൽ വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന നിലയമാണ് ആരുടെയൊക്കെയോ സ്വാർത്ഥ ലാഭം നോക്കി സ്വകാര്യ കമ്പനിക്ക് തീറെഴുതാനൊരുങ്ങുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച പല തെളിവുകളും രേഖകളും ഇതിനകം താൻ പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി കരാർ ലംഘനം നടത്തിയ കമ്പനിക്ക് കരാർ നീട്ടി നൽകുന്നതിനു പിന്നിൽ അഴിമതിയല്ലാതെ മറ്റെന്താണെന്ന് ചെന്നിത്തല ചോദിച്ചു.
കരാർ നീട്ടി നൽകുക വഴി കെഎസ്ഇബിയുടെ താൽപര്യമാണോ അതോ സ്വകാര്യ കമ്പനിയുടെ താൽപര്യമാണോ സംരക്ഷിക്കുന്നതെന്ന് അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാർബോറണ്ടത്തിന് കരാർ നീട്ടി നൽകുന്നതിനെ കെഎസ്ഇബി ശക്തമായി എതിർത്തതാണെന്നും, ഇക്കാര്യം കെഎസ്ഇബി ചെയർമാനും ചീഫ് എഞ്ചിനീയറും ഊർജ സെക്രട്ടറിക്ക് നൽകിയ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അടുത്ത പത്ത് വർഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്താതെ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷിയും സൗകര്യവും ഈ പ്രോജക്ടിനുണ്ടെന്നും, പ്രോജക്ട് കൈമാറിക്കിട്ടുകയാണെങ്കിൽ അടുത്ത പത്ത് വർഷം കൊണ്ട് ഏതാണ്ട് 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കൾക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല വെളിപ്പെടുത്തി. എന്നിട്ടും സ്വകാര്യ കമ്പനിക്ക് തീറെഴുതാനുള്ള താൽപര്യം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
Story Highlights: Ramesh Chennithala demands government takeover of Maniyar hydroelectric project, alleges corruption in contract extension.