മലപ്പുറത്ത് നിപ രോഗബാധയേറ്റ് മരിച്ച 23 കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. ഇവരിൽ 10 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്നു. മരിച്ച രോഗിയിൽ നിന്ന് വൈറസ് ബാധ ഏറ്റിട്ടുണ്ടെങ്കിൽ എട്ടു മുതൽ 10 ദിവസങ്ങൾക്കിടയിലാണ് തീവ്ര രോഗലക്ഷണങ്ങൾ കാണിക്കുക എന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.
സമ്പർക്ക പട്ടികയിലെ ഹൈയ്യസ്റ്റ് റിസ്ക് കാറ്റഗറിയിൽ പെട്ട 26 പേർക്ക് പ്രതിരോധ മരുന്നു നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും, രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിപ ബാധിച്ച് മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. യുവാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കൾ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ദുബായിൽ നിന്ന് കഴിഞ്ഞാഴ്ച എത്തിയ എടവണ്ണ ഒതായി സ്വദേശിക്ക് എംപോക്സ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് സ്രവ പരിശോധനയ്ക്കായി സാമ്പിൾ കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Story Highlights: 13 people who showed symptoms of Nipah virus in Malappuram test negative, health minister announces preventive measures