മലപ്പുറം നടുവത്ത് നിപ സംശയിക്കുന്ന യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചതായി റിപ്പോർട്ട്. നേരത്തെ 26 പേർ ഉണ്ടായിരുന്ന പട്ടികയിൽ ഇപ്പോൾ 151 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ടെന്ന് കണ്ടെത്തി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പിളുകൾ നിപ പരിശോധനയ്ക്ക് അയക്കും. തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ 24 കാരനായ വിദ്യാർത്ഥി മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്ഥിരീകരണ ഫലം ഇന്ന് എത്തിയേക്കും. വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയായ ഈ യുവാവ് ആഗസ്റ്റ് 23നാണ് നാട്ടിലെത്തിയത്. കാലിനുണ്ടായ പരുക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു വന്നത്. ഇതിനിടെയാണ് പനി ബാധിച്ചത്.
ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിലും ചികിത്സ തേടിയ യുവാവ് അവിടെ വച്ചാണ് മരണമടഞ്ഞത്. സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ കോഴിക്കോട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. നേരത്തെ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്താണ് ഈ യുവാവിന്റെ വീടും സ്ഥിതി ചെയ്യുന്നത്.
Story Highlights: Nipah suspect in Malappuram: Contact list expanded to 151, two showing symptoms hospitalized