സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെന്ന് മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവ് എൻ. സുകന്യ. സംസ്ഥാന സമ്മേളനത്തിന് ശേഷം ഇന്നലെ വൈകുന്നേരം സുകന്യ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെയാണ് വിശദീകരണവുമായി അവർ രംഗത്തെത്തിയത്. ചെഗുവേരയുടെ പ്രസിദ്ധമായ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പാർട്ടി തനിക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും തന്നാൽ കഴിയുന്ന വിധത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും സുകന്യ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് ഒരു പ്രതിഷേധമല്ലെന്നും അവർ വ്യക്തമാക്കി. സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രം പങ്കുവെച്ചപ്പോൾ ചെഗുവേരയുടെ വാചകം കൂടി ചേർത്തതാണെന്നും അതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടതില്ലെന്നും സുകന്യ വിശദീകരിച്ചു. ഒരു സഖാവ് എന്ന നിലയിൽ താൻ നെഞ്ചോട് ചേർത്തുപിടിക്കുന്ന വാചകമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ നടത്തുന്ന ദുർവ്യാഖ്യാനങ്ങളാണ് ഇതിന് കാരണമെന്നും സുകന്യ ആരോപിച്ചു. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെടുത്താനാണ് ഇത് ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു. 89 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ ഒരു പരിമിതിയുണ്ട്. ഏത് ഘടകത്തിലാണെങ്കിലും എല്ലാവർക്കും അവിടെ പ്രവർത്തിക്കാനുള്ള അവസരമുണ്ടെന്നും സുകന്യ ചൂണ്ടിക്കാട്ടി.
പാർട്ടി പല കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഒരു ഘടകത്തിലേക്ക് ആളുകളെ നിശ്ചയിക്കുന്നത്. പരിഗണിക്കപ്പെടാതെ പോയവരെല്ലാം കഴിവ് കുറഞ്ഞവരാണെന്നല്ല. സ്ഥാനമാനങ്ങൾക്കല്ലാതെ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സാധാരണ മനുഷ്യരാണ് ഈ പാർട്ടിയുടെ കരുത്ത്. അതുകൊണ്ടാണ് സിപിഐഎം എന്ന പാർട്ടി ഇത്ര വലുതായതും മുന്നോട്ട് പോകുന്നതും എന്നും സുകന്യ കൂട്ടിച്ചേർത്തു. എ. പത്മകുമാറിന്റെ വിഷയത്തിൽ അദ്ദേഹം തന്നെയാണ് പ്രതികരിക്കേണ്ടതെന്നും അതിൽ തനിക്ക് അഭിപ്രായമില്ലെന്നും സുകന്യ പറഞ്ഞു.
Story Highlights: N. Sukanya clarifies her Facebook post was not a protest against her exclusion from the CPI(M) state committee.