കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോർജ് നാളെ ഡൽഹിയിലേക്ക് പോകും. ആശാ വർക്കർമാർ ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാട് മനസ്സിലാക്കുകയാണ് ലക്ഷ്യം. കുടിശ്ശികയായി കിട്ടാനുള്ള തുക ഉടൻ അനുവദിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. നാളെ രാവിലെ ആറുമണിക്ക് തിരുവനന്തപുരത്ത് നിന്നാണ് മന്ത്രിയുടെ യാത്ര.
ആശാ വർക്കർമാരുടെ പ്രതിനിധികളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് വീണാ ജോർജ് വ്യക്തമാക്കിയത്. ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നും ‘സന്നദ്ധപ്രവർത്തകർ’ എന്ന വിശേഷണം മാറ്റണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. ആശാ വർക്കർമാരുടെ നിരാഹാര സമരം നിർഭാഗ്യകരമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന് വിഷയത്തിൽ പോസിറ്റീവ് നിലപാടാണെന്നും ആശാ വർക്കർമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം വർധിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെങ്കിലും ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നൽകാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. സമരക്കാർ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
അതേസമയം, ഓണറേറിയം വർധിപ്പിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ പോലും ആരോഗ്യ മന്ത്രി തയ്യാറായില്ലെന്ന് ആരോപിച്ച് ആശാ വർക്കേഴ്‌സ് നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഇൻസെന്റീവ് വർധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും. തുക കൂട്ടില്ലെന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Kerala Health Minister Veena George will travel to Delhi to discuss ASHA workers’ demands with Union Health Minister J P Nadda.