ആശാ വർക്കർമാരുടെ വേതനം മുടങ്ങുന്നതിന് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണമെന്ന കേന്ദ്ര ആരോപണത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് മറുപടി നൽകി. 2023-24 സാമ്പത്തിക വർഷത്തെ കോ-ബ്രാൻഡിങ്ങിന്റെ പേരിൽ 636.88 രൂപ കേന്ദ്രം നൽകിയില്ലെന്നും ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഒക്ടോബർ 28ന് കേന്ദ്രം നൽകിയ മറുപടിയിലും ഈ വിഷയം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കേന്ദ്രം അനുവദിക്കേണ്ട 826.02 കോടി രൂപയിൽ 189.15 കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. 2023-24 സാമ്പത്തിക വർഷത്തിൽ കേന്ദ്രം ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് എൻഎച്ച്എം പദ്ധതികൾ മുന്നോട്ട് കൊണ്ടുപോയതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ആശാ വർക്കർമാരുടെ സമരം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ വാദത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് മറുപടി നൽകിയത്. 938.80 കോടി രൂപ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ചിട്ടുണ്ടെന്നും ബജറ്റ് വിഹിതത്തിന് പുറമെ കഴിഞ്ഞ ഫെബ്രുവരിയിൽ 120 കോടി രൂപ കൂടി കേരളത്തിന് അധികമായി നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. അനുവദിച്ചതിനേക്കാൾ കൂടുതൽ തുക കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന കേന്ദ്രത്തിന്റെ വാദത്തിനാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മറുപടി നൽകിയത്.
കേന്ദ്ര സർക്കാർ തരാനുള്ള തുകയെ ചൊല്ലി സംസ്ഥാന സർക്കാർ വിമർശനം കടുപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരും രംഗത്തെത്തിയത്. ആശാ വർക്കർമാരുടെ വേതനം മുടങ്ങുന്നത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആരോപണം.
Story Highlights: Kerala’s health department refutes central government claims regarding Asha workers’ unpaid wages.