ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിനായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ സമയം അഭ്യര്‍ത്ഥിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആറുമാസത്തെ അധിക സമയമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബലപ്രയോഗം ഒഴിവാക്കി സമാധാനപരമായി കോടതി ഉത്തരവുകള്‍ നടപ്പിലാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്നും സംസ്ഥാനത്തിന്റെ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രശ്‌നം സൗഹാര്‍ദ്ദപരമായി ചര്‍ച്ചകളിലൂടെ പരിഹരിക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഈ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
2017-ലെ വര്‍ഗീസ് കേസുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനാണ് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ബലപ്രയോഗത്തിലൂടെ പള്ളികള്‍ പിടിച്ചെടുക്കുകയോ കൈമാറുകയോ ചെയ്യുന്നത് അസാധ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മനഃപൂര്‍വ്വം യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും, ചര്‍ച്ചകള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 43 പള്ളികളില്‍ മുപ്പതോളം പള്ളികള്‍ ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights: Kerala government seeks six months extension from Supreme Court to resolve Orthodox-Jacobite church dispute