ആശാ വർക്കേഴ്‌സിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിക്കും. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. മൂന്ന് ആശാ വർക്കർമാരാണ് ആദ്യഘട്ടത്തിൽ നിരാഹാരമിരിക്കുന്നത്. സർക്കാർ ആവശ്യങ്ങൾ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നതുവരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാ വർക്കേഴ്‌സ് വ്യക്തമാക്കി.
ആശാ വർക്കേഴ്‌സിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രിയുടെ അഭ്യർത്ഥന സമരക്കാർ തള്ളിക്കളഞ്ഞു. കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഇന്ന് ഡൽഹിയിലേക്ക് പോകും. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആശാ വർക്കേഴ്‌സിന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യും.
ആശാ വർക്കേഴ്‌സിന്റെ ഇൻസെന്റീവ് വർധന സമയബന്ധിതമായി പരിഗണിക്കുമെന്ന് പാർലമെന്റിൽ ജെ പി നഡ്ഡ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കേരളത്തിന് കുടിശ്ശികയായി ഒന്നും നൽകാനില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ ചർച്ചയിലൂടെ എന്ത് പരിഹാരമാണ് ഉരുത്തിരിയുക എന്നത് നിർണായകമാണ്. സമരം ചെയ്യുന്നവർ യഥാർത്ഥ ആശാ വർക്കേഴ്‌സല്ലെന്നും കാശ് കൊടുത്ത് ആളുകളെ കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ആരോപിച്ചിരുന്നു.
സമരക്കാർക്ക് ചോറും കാശും ലഭിക്കുന്നുണ്ടെന്ന വിജയരാഘവന്റെ പരിഹാസത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. ആശാ വർക്കേഴ്‌സിന്റെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണണം.
Story Highlights: Asha workers in Kerala begin an indefinite hunger strike, demanding better pay and working conditions.