ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അനധികൃതമായി നോട്ട് കെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി കൊളീജിയം ഇന്ന് തുടർനടപടികൾ സ്വീകരിക്കും. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് യശ്വന്ത് വർമ്മയെ വിളിച്ചുവരുത്തി രാജിവെക്കാൻ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പണം കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണ നടപടിക്രമങ്ങൾ പാലിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. തെളിവുകളും വിവരങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. സിംഭൊലി ഷുഗേഴ്‌സ് എന്ന സ്ഥാപനത്തിനെതിരെ 2018-ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലും ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു.
അലഹബാദ് ഹൈക്കോടതി ജഡ്ജിയാകുന്നതിന് മുമ്പ് സിംഭൊലി ഷുഗേഴ്‌സിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു യശ്വന്ത് വർമ്മ. നോട്ട് കെട്ടുകൾ കണ്ടെത്തിയ സംഭവവും യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതും തമ്മിൽ ബന്ധമില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പണം കണ്ടെത്തിയ വിവരം പുറത്ത് വന്നതിന് പിന്നാലെ ജസ്റ്റിസ് യശ്വന്ത് വർമ്മ ഇന്നലെ കോടതിയിൽ എത്തിയിരുന്നില്ല.
Story Highlights: Supreme Court Collegium to take action against Justice Yashwant Verma following the discovery of unauthorized cash bundles at his residence.