കൂത്താട്ടുകുളം നഗരസഭയിലെ സി.പി.ഐ.എം. നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കൗൺസിലർ കലാ രാജു രംഗത്ത്. തന്നെ കാറിൽ നിന്ന് ബലമായി പുറത്തിറക്കി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയെന്നും പൊതുജനമധ്യത്തിൽ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും കലാ രാജു ആരോപിച്ചു. കാല് മുറിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മക്കളെ കാണാൻ പോലും അനുവദിച്ചില്ലെന്നും കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു.
ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും എതിരെ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് സി.പി.ഐ.എം. പ്രവർത്തകരെ പ്രകോപിപ്പിച്ചത്. കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിനിടെ ഡോറിനിടയിൽ കാൽ കുടുങ്ങിയപ്പോൾ അതെല്ലാം മുറിച്ചെത്തിക്കാമെന്ന് ഭീഷണിപ്പെടുത്തിയെന്നും കലാ രാജു വെളിപ്പെടുത്തി. നെഞ്ചിന് പരുക്കേറ്റെങ്കിലും ഗ്യാസിന്റെ മരുന്ന് മാത്രമാണ് നൽകിയതെന്നും അവർ ആരോപിച്ചു.
തന്നെ ഭീഷണിപ്പെടുത്തിയതും വേദനിപ്പിച്ചതും പാർട്ടി നേതാക്കളാണെന്നും ഒരു സ്ത്രീയാണെന്ന പരിഗണന പോലും നൽകിയില്ലെന്നും കലാ രാജു പറഞ്ഞു. ചതിച്ചിട്ട് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രവർത്തകർ തനിക്കുനേരെ പാഞ്ഞടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. ഇത്രയും പ്രശ്നങ്ങൾ നടന്ന സാഹചര്യത്തിൽ പാർട്ടിയിൽ തുടരണോ എന്ന് ആലോചിക്കേണ്ടിവരുമെന്നും കലാ രാജു സൂചിപ്പിച്ചു.
Story Highlights: Koothattukulam municipal councillor Kala Raju accuses CPIM leaders of abduction and assault.