കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലാ ക്യാമ്പസിൽ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കൈമാറി. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലും മലയാളം സർവകലാശാലയും തമ്മിലാണ് ധാരണാപത്രം ഒട്ടുചേർന്നത്. ഈ കേന്ദ്രം, കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് എന്ന പേരിൽ അറിയപ്പെടും.
ഈ മികവിന്റെ കേന്ദ്രം, സംസ്ഥാനത്തെ ഭാഷാ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഗവേഷണം, വിദ്യാഭ്യാസം, സാംസ്കാരിക വൈവിധ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകും. കേരളത്തിലെ പ്രാദേശിക ഭാഷകളുടെയും മറ്റ് ഇന്ത്യൻ, ആഗോള ഭാഷകളുടെയും പഠന-ബോധന പ്രക്രിയ മെച്ചപ്പെടുത്തുക എന്നതും ഈ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്, സംസ്ഥാനത്തെ ഏഴ് മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നാണ്.
നവീന പഠനരീതികളും സാങ്കേതികവിദ്യകളും അന്തർവിഷയ ഗവേഷണവും ആവിഷ്കരിച്ച് കേരളത്തെ ഭാഷാ മികവിന്റെ ആഗോള കേന്ദ്രമായി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബഹുഭാഷാപ്രാവീണ്യം പ്രോത്സാഹിപ്പിക്കലും സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കലും ഈ മികവിന്റെ കേന്ദ്രത്തിന്റെ ലക്ഷ്യമാണെന്ന് മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.
കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദേശഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം, ഭാഷാ സാങ്കേതികവിദ്യകളുടെ ഉപകേന്ദ്രം, കേരളത്തിലെ തദ്ദേശഭാഷകളുടെ പഠന ഉപകേന്ദ്രം എന്നിവയും സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ഇതിൽ വിദേശഭാഷകളുടെയും പരിഭാഷയുടെയും ഉപകേന്ദ്രം പൊന്നാനി ആസ്ഥാനമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭാ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രങ്ങൾ കൈമാറിയത്. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് ഐ.എ.എസ്., ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ പ്രതിനിധീകരിച്ച് വൈസ് ചെയർമാൻ പ്രൊഫസർ രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി പ്രൊഫസർ രാജൻ വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയെ പ്രതിനിധീകരിച്ച് വൈസ് ചാൻസലർ പ്രൊഫ. എൽ. സുഷമ, രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Story Highlights: Kerala establishes a Center of Excellence at Thunchan Memorial University to promote language diversity and research.