Politics

ഭൂപതിവ് നിയമ ഭേദഗതി ചട്ടം ഉടൻ പ്രാബല്യത്തിൽ
1960-ലെ ഭൂപതിവ് നിയമത്തിലെ ഭേദഗതിക്കായുള്ള ചട്ടങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. വീട്, കൃഷി ആവശ്യങ്ങൾക്കായി പതിച്ചുനൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചവർക്ക് ഇളവ് നൽകും. ഈ മാസം 13-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചട്ടങ്ങൾക്ക് അന്തിമ രൂപം നൽകും.

സിപിഐഎം സെക്രട്ടറി സ്ഥാനത്ത് എം.വി.ഗോവിന്ദൻ തുടരുമെന്ന് സൂചന
സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എം.വി. ഗോവിന്ദൻ തുടരുമെന്നാണ് സൂചന. കൊല്ലം സമ്മേളനത്തിൽ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷ. സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് സമ്മേളനത്തിന്റെ അവകാശമാണെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

കോണ്ഗ്രസ് പ്രവര്ത്തകയുടെ മൃതദേഹം സൂട്ട്കേസില്
റോഹ്ത്തകിലെ സാമ്പ്ല ബസ് സ്റ്റാന്റിനു സമീപം സൂട്ട്കേസില് യുവതിയുടെ മൃതദേഹം. കോണ്ഗ്രസ് പ്രവര്ത്തക ഹിമാനി നർവാളിന്റേതാണ് മൃതദേഹം. ദുപ്പട്ട കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ആശാ വർക്കേഴ്സിന്റെ സമരപ്പന്തലിലെ ടാർപോളിൻ പൊലീസ് അഴിച്ചുമാറ്റി
സെക്രട്ടേറിയറ്റിന് മുന്നില് സമരം ചെയ്യുന്ന ആശാ വർക്കേഴ്സിന്റെ സമരപ്പന്തലിലെ ടാർപോളിൻ പൊലീസ് അഴിച്ചുമാറ്റി. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മഴ പെയ്യാൻ തുടങ്ങിയപ്പോൾ ടാർപോളിൻ കെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇടപെട്ടതെന്ന് ആശാ വർക്കേഴ്സ് പറയുന്നു.

ആശാ വർക്കർമാരുടെ സമരത്തിന് പ്രിയങ്ക ഗാന്ധിയുടെ പിന്തുണ
കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തിന് പ്രിയങ്ക ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു. സർക്കാരിന്റെ നിസ്സംഗതയെ അവർ വിമർശിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ വേതനം വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകി.

കൊല്ലത്ത് ‘വീ പാർക്ക്’ പദ്ധതിക്ക് തുടക്കം
കൊല്ലം എസ്.എൻ. കോളേജ് ജംഗ്ഷനു സമീപമുള്ള മേൽപ്പാലത്തിനടിയിലാണ് സംസ്ഥാനത്തെ ആദ്യത്തെ വീ പാർക്ക് സ്ഥാപിച്ചിരിക്കുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉപയോഗശൂന്യമായ പ്രദേശങ്ങളെ ജനസൗഹൃദ പൊതുയിടങ്ങളാക്കി മാറ്റിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മണിപ്പൂരിൽ മാർച്ച് 8 മുതൽ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാൻ അമിത് ഷായുടെ നിർദേശം
മാർച്ച് 8 മുതൽ മണിപ്പൂരിലെ എല്ലാ പാതകളിലും ജനങ്ങൾക്ക് സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശിച്ചു. ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഈ നിർദേശം നൽകിയത്. മണിപ്പൂരിനെ ലഹരിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശാ വർക്കർമാർക്ക് ആന്ധ്രയിൽ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
ആന്ധ്രപ്രദേശിലെ ആശാ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി, ശമ്പളത്തോടുകൂടിയ പ്രസവാവധി, വിരമിക്കൽ പ്രായം വർധിപ്പിക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 30 വർഷത്തെ സേവനത്തിന് ശേഷം 1.50 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയായി ലഭിക്കും. കേരളത്തിലെ ആശാ വർക്കർമാർ സമാന ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

പൊലീസ് ജനപക്ഷത്ത് നിൽക്കണമെന്ന് മുഖ്യമന്ത്രി
പൊലീസ് സേന ജനപക്ഷത്ത് നിന്നുകൊണ്ട് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഊന്നിപ്പറഞ്ഞത്. കുറ്റകൃത്യങ്ങൾക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ലഹരിമാഫിയയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെ. സുരേന്ദ്രൻ
കേരളത്തിൽ ലഹരിമാഫിയ വ്യാപകമാണെന്നും സർക്കാർ ഇടപെടണമെന്നും കെ.സുരേന്ദ്രൻ. സ്കൂൾ കുട്ടികളെ ലഹരി കടത്തിന് ഉപയോഗിക്കുന്നതായും ആരോപണം. താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ മരണം അതിഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

2026-ലെ തെരഞ്ഞെടുപ്പിൽ ടിവികെ സഖ്യത്തിലേർപ്പെടില്ലെന്ന് പ്രശാന്ത് കിഷോർ
2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ആരുമായും സഖ്യത്തിലേർപ്പെടില്ലെന്ന് പ്രശാന്ത് കിഷോർ. 118 സീറ്റുകളിൽ വിജയിക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിഹാറിൽ തന്റെ പാർട്ടിക്ക് വേണ്ടി വിജയ് പ്രചാരണത്തിനെത്തുമെന്നും കിഷോർ പറഞ്ഞു.

സെക്രട്ടേറിയറ്റ് നവീകരണത്തിന് മാസ്റ്റർ പ്ലാൻ
സെക്രട്ടേറിയറ്റ് നവീകരിക്കാനും അനക്സ് 2 വിപുലീകരിക്കാനും സർക്കാർ തീരുമാനിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനായിരിക്കും നവീകരണ ചുമതല. ജനുവരി 20-ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.