സെക്രട്ടേറിയറ്റിന് മുന്നിൽ പതിനാലാം ദിവസത്തിലേക്ക് കടന്ന ആശാ വർക്കേഴ്സിന്റെ സമരം ശക്തമായി തുടരുകയാണ്. ഓണറേറിയം വർധന, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആശാ വർക്കേഴ്സ് പ്രഖ്യാപിച്ചു. സമരകേന്ദ്രത്തിലേക്ക് കൂടുതൽ പ്രവർത്തകരെ എത്തിക്കാനും പ്രതിപക്ഷ പിന്തുണ തേടാനുമാണ് സമരസമിതിയുടെ നീക്കം.
ഐക്യദാർഢ്യവുമായി കൂടുതൽ പ്രതിപക്ഷ സംഘടനകൾ സമരവേദിയിലേക്ക് എത്തിച്ചേരാനാണ് സാധ്യത. മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇന്ന് സമരപ്പന്തലിലേക്ക് ഐക്യദാർഢ്യ പ്രകടനം നടത്തും. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും നടത്തും. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്ക് ഇതുവരെ നീക്കങ്ങളൊന്നുമില്ല.
മൂന്ന് മാസത്തെ കുടിശ്ശികയിൽ രണ്ട് മാസത്തെ പണം സർക്കാർ അനുവദിച്ചിരുന്നെങ്കിലും ഒരു മാസത്തെ ഓണറേറിയം മാത്രമാണ് ലഭിച്ചതെന്ന് സമരക്കാർ പറയുന്നു. 26000 ആശാവർക്കർമാരിൽ ആരൊക്കെയാണ് സമരത്തിൽ പങ്കെടുക്കുന്നത് എന്ന് കണ്ടെത്താൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. സമരം തുടരാനാണ് ആശാ വർക്കേഴ്സിന്റെ തീരുമാനം.
Story Highlights: Asha workers’ strike in Kerala continues for the fourteenth day, demanding increased honorarium and retirement benefits.