ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന സമരം രണ്ടാഴ്ച പിന്നിട്ടിട്ടും, സർക്കാർ ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് സമരത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷൻ നിർദ്ദേശം നൽകി. ആശാ പ്രവർത്തകർക്ക് നൽകിയിട്ടുള്ള ചുമതലകൾ നിർവഹിക്കണമെന്നും, തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാത്തവർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
ജനങ്ങൾക്ക് ആശാ വർക്കർമാരുടെ സേവനം ലഭ്യമാകുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർമാർ ഉറപ്പുവരുത്തണമെന്നും നാഷണൽ ഹെൽത്ത് മിഷൻ നിർദേശിച്ചിട്ടുണ്ട്. ആശാ വർക്കർമാർക്ക് മൂന്ന് മാസത്തെ കുടിശ്ശികയിൽ രണ്ട് മാസത്തെ പണം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഓണത്തിന് അനുവദിച്ച തുക കൂടി കണക്കാക്കിയാലും ഒരു മാസത്തെ ശമ്പളം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് ആശാ വർക്കർമാർ പറയുന്നത്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് ആശാ വർക്കർമാർ സമരം ചെയ്യുന്നത്.
ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കിയതെന്നും, ഇതിന് പിന്നിൽ അരാജക സംഘടനകളാണെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചു. അതേസമയം, ആരോപണത്തെ സമരസമിതി തള്ളിക്കളഞ്ഞു. അരാജക സംഘടനകൾക്ക് പങ്കുണ്ടോ എന്ന് സർക്കാർ അന്വേഷിക്കട്ടെയെന്നും സമരസമിതി പ്രതികരിച്ചു. ആശാ വർക്കർമാരെ സർക്കാർ നിരന്തരം അപമാനിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Story Highlights: Amidst ongoing protests, the National Health Mission directs ASHA workers in Kerala to return to their duties immediately.