തിരുവനന്തപുരം നഗരസഭ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യനിക്ഷേപം നടത്തിയ 9 വാഹനങ്ങൾ പിടികൂടി 45,090 രൂപ പിഴ ഈടാക്കി. ഇന്നലെ രാത്രി വനിതകളുടെ ഹെൽത്ത് സ്ക്വാഡ് മൂന്ന് ടീമുകളായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
ഒരു മനുഷ്യജീവൻ നഷ്ടപ്പെട്ടിട്ടും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റ് ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മേയർ കുറ്റപ്പെടുത്തി. ഇതിന് യാതൊരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത് ആദ്യപടി മാത്രമാണെന്നും കൂടുതൽ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ തുടർന്നെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാലിന്യം നഗരസഭയുടെയോ സർക്കാരിന്റെയോ ജീവനക്കാരുടെയോ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ പൗരനും അതിൽ പങ്കുണ്ടെന്നും മേയർ ഓർമിപ്പിച്ചു. നഗരം മലിനമാകുന്നത് എല്ലാവരുടെയും വീഴ്ചയായി കാണണമെന്നും മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനം നഗരസഭയ്ക്കുണ്ടെന്നും സംശയമുള്ളവർ നേരിട്ട് ബന്ധപ്പെടാമെന്നും മേയർ അറിയിച്ചു.