ടെക് ലോകത്തെ പ്രമുഖ കമ്പനിയായ ആപ്പിൾ, തങ്ങളുടെ വെർച്വൽ അസിസ്റ്റന്റായ സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്ന കേസിൽ ഒത്തുതീർപ്പിനൊരുങ്ങുകയാണ്. 95 മില്യൺ ഡോളർ (ഏകദേശം 814 കോടി രൂപ) നൽകിയാണ് കമ്പനി ഈ വിവാദത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഈ തുക പണമായി തന്നെ നൽകാൻ ആപ്പിൾ സമ്മതിച്ചിട്ടുണ്ട്. കാലിഫോർണിയയിലെ ഓക്ക്ലാൻഡിലെ ഫെഡറൽ കോടതിയിലാണ് ഇതുസംബന്ധിച്ച കേസ് നടക്കുന്നത്.
ഉപഭോക്താക്കളുടെ അനുമതിയില്ലാതെ സിരി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും, ഈ വിവരങ്ങൾ മൂന്നാം കക്ഷികൾക്കും പരസ്യദാതാക്കൾക്കും കൈമാറുകയും ചെയ്തുവെന്നതാണ് ആപ്പിളിനെതിരെയുള്ള പ്രധാന ആരോപണം. വർഷങ്ങളായി ഇത്തരത്തിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം കമ്പനി നേരിടുന്നുണ്ട്. ‘ഹേയ് സിരി’ എന്ന് വിളിക്കുമ്പോൾ മാത്രമേ സിരി സജീവമാകൂ എന്നായിരുന്നു ആപ്പിളിന്റെ വാദം. എന്നാൽ, അതല്ലാത്ത സമയത്തും സംഭാഷണങ്ങൾ റെക്കോർഡ് ചെയ്തു വിൽക്കുന്നുവെന്നാണ് പരാതിയിൽ ഉന്നയിക്കപ്പെട്ട ആരോപണം.
ഉപഭോക്താക്കളുടെ സംഭാഷണങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് ലക്ഷ്യമിട്ട പരസ്യങ്ങൾ കാണിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഉദാഹരണമായി, ‘എയർ ജോർഡൻ’ സ്നീക്കേഴ്സ് അല്ലെങ്കിൽ ‘ഒലിവ് ഗാർഡൻ റെസ്റ്റോറന്റ്’ എന്നിവയെക്കുറിച്ച് സംസാരിച്ചാൽ, അവയുടെ പരസ്യങ്ങൾ ഉടൻ തന്നെ കാണിക്കപ്പെടുമായിരുന്നുവെന്ന് പരാതികളിൽ പറയുന്നു. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിൽ മറ്റാരേക്കാളും മുന്നിലാണെന്ന ആപ്പിൾ സിഇഒ ടിം കുക്കിന്റെ അവകാശവാദങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Story Highlights: Apple agrees to pay $95 million to settle privacy lawsuit over Siri recordings