നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വേറിട്ട അഭിനയവും കഥാപാത്രങ്ങളുടെ തെരഞ്ഞെടുക്കലും കൊണ്ട് ഐശ്വര്യ വളരെ പെട്ടന്ന് തന്നെ ആളുകളുടെ ഹൃദയം കീഴടക്കി. മായാനദി, വരത്തൻ എന്നീ ചിത്രങ്ങൾ കൊണ്ട് തന്നെ ഐശ്വര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി.
ഇപ്പോൾ, കേവലം പ്രണയ രംഗങ്ങളിലും പാട്ടുസീനുകളിലും വന്നു പോകുന്ന നായികമാർ എന്നതിൽ നിന്ന് സിനിമകൾ മാറിയെന്നും ആ മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഐശ്വര്യ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലെയും കാരെക്കുടിയിലെയും ഉൾഗ്രാമങ്ങളിൽ ഷൂട്ടിങ്ങിനു പോകുമ്പോൾ അവിടെയുള്ളവർ പോലും തന്നെ തിരിച്ചറിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഭാഷ ഏതായാലും തനിക്ക് നല്ല സിനിമ ചെയ്യാൻ കഴിയണമെന്നാണ് ആഗ്രഹമെന്നും അവർ കൂട്ടിച്ചേർത്തു.
സിനിമ ഒരു പാഷനായി കണ്ട് ഈ രംഗത്തേക്ക് കടന്നു വന്നതാണു താനെന്നും, പിന്നീട് അത് തന്റെ പ്രഫഷൻ കൂടിയായെന്നും ഐശ്വര്യ വ്യക്തമാക്കി. എന്നാൽ സിനിമയെ ഒരു ആർട്ട് കൂടിയായി എങ്ങനെ കാണാം എന്ന് പഠിച്ചതോടെയാണ് അഭിനയം താൻ കൂടുതൽ ആസ്വദിക്കാൻ തുടങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു. താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ‘ഹലോ മമ്മി’യിൽ ഷറഫുദ്ദീനും ഐശ്വര്യയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
Story Highlights: Aishwarya Lekshmi discusses her journey in cinema and her joy in being part of the changing landscape of female roles in films.