ബെംഗളൂരുവിലെ വിരാട് കോഹ്ലിയുടെ വൺ8 കമ്യൂൺ പബിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാത്രി അനുവദനീയമായ സമയത്തിനു ശേഷവും പ്രവർത്തിച്ചുവെന്നതാണ് കുറ്റം. എംജി റോഡിലെ മറ്റ് നിരവധി സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തതായി ബെംഗളൂരു പൊലീസ് സെൻട്രൽ ഡിസിപി വ്യക്തമാക്കി.
രാത്രി ഒരു മണി വരെയായിരുന്നു പ്രവർത്തനത്തിന് അനുമതിയെങ്കിലും ഒന്നരയായിട്ടും സ്ഥാപനങ്ങൾ തുറന്നിരുന്നു. പ്രദേശത്ത് രാത്രി വൈകിയും ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിനെതിരെ പൊലീസിന് സ്ഥിരമായി പരാതി ലഭിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തുള്ള വൺ8 കമ്യൂൺ പബിനും മറ്റ് പബുകൾക്കും എതിരെയാണ് കേസെടുത്തത്. പബുകൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും ഡിസിപി അറിയിച്ചു.
വിരാട് കോഹ്ലിയുടെ വൺ8 കമ്യൂൺ പബിന് ഡൽഹി, മുംബൈ, പുണെ, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിലും ശാഖകളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബെംഗളൂരുവിൽ കോഹ്ലി പബ് തുറന്നത്. മുംബൈയിലെ കോഹ്ലിയുടെ പബിൽ വേഷ്ടി ധരിച്ചെത്തിയതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടെന്ന ആരോപണം ഉന്നയിച്ച് ഒരാൾ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. ഡൽഹിയിലെ വൺ8 കമ്യൂൺ പബിൽ പാട്ടുകൾ പ്ലേ ചെയ്യുന്നത് ഡൽഹി ഹൈക്കോടതി മുൻപ് വിലക്കിയിരുന്നു.