വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതിയായ അഫാന്റെ അറസ്റ്റ് പാങ്ങോട് സിഐ രേഖപ്പെടുത്തി. അഫാന്റെ അമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകത്തിലാണ് നിലവിൽ അറസ്റ്റ്. മെഡിക്കൽ ബോർഡിന്റെ പരിശോധനയ്ക്ക് ശേഷം അഫാന്റെ ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമെടുക്കും. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അഫാന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടുണ്ട്.
പിതൃമാതാവിന്റെ കൊലപാതകം ഉൾപ്പെടെ അഞ്ച് കേസുകളിലാണ് അഫാൻ പ്രതിയായിരിക്കുന്നത്. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂട്ടക്കൊലക്കേസിൽ ഇതാദ്യമായാണ് ഒരു അറസ്റ്റ് രേഖപ്പെടുത്തുന്നത്. നെടുമങ്ങാട് കോടതിയിൽ പ്രതിയെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
അഫാന്റെ ലഹരി പരിശോധനാ ഫലം പുറത്തുവന്നു. മദ്യം ഒഴികെ മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. വിഷം കഴിക്കുന്നതിനു മുൻപ് മദ്യം വാങ്ങി കുടിച്ചിരുന്നതായി അഫാൻ മൊഴി നൽകിയിരുന്നു. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഉച്ചയ്ക്ക് മുമ്പായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഫാന്റെ ഉമ്മ ഷെമിന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷെമിനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് ഇന്ന് മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഡോക്ടർമാരുടെ അനുമതിയോടെയാണ് പോലീസ് മൊഴി രേഖപ്പെടുത്തുന്നത്.
Story Highlights: Afaan, accused in the Venjaramoodu multiple murder case, has been arrested.