വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ അഫാന്റെ അറസ്റ്റ് പാങ്ങോട് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. തിങ്കളാഴ്ചയാണ് അഫാൻ ഈ ക്രൂരകൃത്യം നടത്തിയത്. മുത്തശ്ശി സല്മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയുമായി നെടുമങ്ങാട് കോടതിയിലേക്ക് പോകുമെന്ന് പോലീസ് അറിയിച്ചു.
പ്രതി കഴിച്ചത് വീര്യം കുറഞ്ഞ വിഷമാണെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കൂട്ടക്കൊലയ്ക്ക് കാരണം കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഫാന്റെ ആക്രമണത്തിൽ പരുക്കേറ്റ മാതാവ് ഷെമിയുടെ മൊഴിയെടുക്കാൻ ഡോക്ടർമാർ അനുമതി നൽകിയിട്ടുണ്ട്.
ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. മുത്തശ്ശി, സഹോദരൻ, കാമുകി, അച്ഛന്റെ സഹോദരനും ഭാര്യയും എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ അമ്മയെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ നിർണായകമാകുന്നത് പ്രതി അഫാന്റെയും മാതാവ് ഷമിയുടെയും മൊഴികളാണ്. ചികിത്സയിലുള്ള ഷമിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ഇരുവരുടെയും മൊഴിയെടുപ്പ് വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. മെഡിക്കൽ കോളേജിൽ വെച്ചാണ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൂട്ടക്കൊലപാതകത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമം തുടരുകയാണ്. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം പരിശോധിക്കും. അഫാന്റെ മൊഴികളും നിർണായകമാകും.
Story Highlights: Accused Afan’s arrest recorded in Venjaramoodu multiple murder case.